• സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 23) മരട് പ്രിയദര്‍ശിനി ഹാളില്‍

കൊച്ചി: മൃഗസംരക്ഷണ വകുപ്പ്, കെപ്‌കോ എന്നിവയുമായി സഹകരിച്ചു കൊണ്ട് സംസ്ഥാനതലത്തില്‍ കുടുംബശ്രീ നടപ്പാക്കുന്ന കേരള ചിക്കന്‍ പദ്ധതിയിലെ കുടുംബശ്രീ വനിതാ സംരംഭകര്‍ക്ക് 1.83 കോടി രൂപയുടെ വായ്പാ ധനസഹായം നല്‍കുന്നു. ഇറച്ചിക്കോഴി വളര്‍ത്തല്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമായ രീതിയില്‍ മുന്നോട്ടു കൊണ്ടു പോകുന്നതിന് സംരംഭകരെ സഹായിക്കുന്നതിനായാണ് കമ്യൂണിറ്റി ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഇനത്തില്‍ ധനസഹായം വിതരണം ചെയ്യുന്നത്.

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംരംഭക സംഗമത്തിന്റെയും കമ്യൂണിറ്റി ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് വിതരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 23) ഉച്ചയ്ക്ക് 12-ന് മൃഗസംരക്ഷണ-വനം-ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ.കെ.രാജു ഉദ്ഘാടനം ചെയ്യും. എറണാകുളം മരട് പ്രിയദര്‍ശിനി ഹാളില്‍ രാവിലെ 10 മുതല്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ സംസ്ഥാനത്തെ നാനൂറോളം കോഴിവളര്‍ത്തല്‍ കര്‍ഷകര്‍ പങ്കെടുക്കും. മൃഗസംരക്ഷണ വകുപ്പും കുടുംബശ്രീയും തമ്മിലുള്ള സംയോജന പ്രവര്‍ത്തനങ്ങള്‍ക്കും ഇതോടൊപ്പം തുടക്കം കുറിക്കും.

എം.സ്വരാജ് എം.എല്‍.എ അധ്യക്ഷത വഹിക്കും. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.എന്‍.എന്‍.ശശി പദ്ധതി വിശദീകരണം നടത്തും. കേരള ചിക്കന്‍ ജിയോ ടാഗിങ്ങ് ഉദ്ഘാടനം മരട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുനില സിബിയും കേരള ചിക്കന്‍ ഇറച്ചിക്കോഴികളുടെ തുക വിതരണം കെപ്‌കോ ചെയര്‍പേഴ്‌സണ്‍ ജെ.ചിഞ്ചുറാണി, കൊല്ലം ജില്ലയിലെ ഹാച്ചറി യൂണിറ്റിനുള്ള ഹാച്ചിങ്ങ് എഗ്ഗ് വിതരണം കെപ്‌കോ മാനേജിങ്ങ് ഡയറക്ടര്‍ ഡോ.വിനോദ് ജോണ്‍ എന്നിവര്‍ നിര്‍വഹിക്കും. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ് ഹരികിഷോര്‍, ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ കെ ആര്‍ രാഗേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.

ആദ്യഘട്ടത്തില്‍ പദ്ധതി തുടങ്ങുന്നതിന് അനുയോജ്യമായ ഭൗതിക സാഹചര്യങ്ങള്‍ ഉള്ള 438 യൂണിറ്റുകളെയാണ് കുടുംബശ്രീ തിരഞ്ഞെടുത്തിട്ടുള്ളത്. ഇതില്‍ നിന്നും 183 യൂണിറ്റുകള്‍ക്കാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായി ഇന്നു നടക്കുന്ന ചടങ്ങില്‍ ഒരു ലക്ഷം രൂപ വീതം കമ്യൂണിറ്റി ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഇനത്തില്‍ വായ്പയായി നല്‍കുന്നത്. ഇതു പ്രകാരം 1.83 കോടി രൂപ ഈയിനത്തില്‍ വിതരണം ചെയ്യും. ബാക്കിയുള്ള യൂണിറ്റുകള്‍ക്ക് കുടുംബശ്രീ സി.ഡി.എസുകള്‍ വഴി കമ്യൂണിറ്റി ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്, വിതരണം ചെയ്യും. ഇങ്ങനെ ലഭിക്കുന്ന ഒരു ലക്ഷം രൂപ നാലു ശതമാനം പലിശ നിരക്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ തിരിച്ചടച്ചാല്‍ മതി.

ഇതര സംസ്ഥാനത്തു നിന്നെത്തുന്ന ഇറച്ചിക്കൊഴിയുടെ ഉപയോഗം പൂര്‍ണമായും കുറച്ച് ആഭ്യന്തര വിപണിയുടെ ആവശ്യമനുസരിച്ച് ഗുണനിലവാരമുള്ള ചിക്കന്‍ ഉല്‍പാദിപ്പിക്കുക എന്നതാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. അയല്‍ക്കൂട്ട വനിതകള്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കുന്ന തൊഴിലവസരം ലഭ്യമാക്കുക എന്നതും ലക്ഷ്യമാണ്. പദ്ധതി പ്രകാരം കെപ്‌കോയില്‍ നിന്നും ആയിരം കോഴിക്കുഞ്ഞുങ്ങളെ വീതം വാങ്ങി വളര്‍ത്തി നാല്‍പ്പത്തിയഞ്ച് ദിവസം കഴിഞ്ഞ് തിരികെ നല്‍കിയതു വഴി തിരുവനന്തപുരം ജില്ലയിലെ തന്നെ രണ്ടു സംരംഭകര്‍ നേടിയത് 48000 രൂപ വീതമാണ്. ഇവരുടെ വിജയം കൂടുതല്‍ സംരംഭകരെ ഈ മേഖലയിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട്.

കേരളത്തില്‍ ഇറച്ചിക്കോഴിയുടെ ഉപഭോഗം കണക്കിലെടുത്താല്‍ കോഴിക്കൃഷിക്ക് ഏറെ സാധ്യതകളുണ്ട്. ഈ മേഖലയിലെ സംരംഭ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി വ്യാവസായികാടിസ്ഥാനത്തില്‍ മുന്നേറാനാണ് കുടുംബശ്രീയുടെ ശ്രമം. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ഹാച്ചറി യൂണിറ്റുകളും കോഴിയിറച്ചി വിപണന കേന്ദ്രങ്ങളും ആരംഭിച്ച് പദ്ധതി വിപുലകരിക്കുക എന്നതിനാണ് ഊന്നല്‍ നല്‍കുന്നത്. മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്നു കൊണ്ട് ഇടനിലക്കാരെ പൂര്‍ണമായും ഒഴിവാക്കി ഉല്‍പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഗുണകരമായ രീതിയില്‍ കേരള ചിക്കന്റെ മാര്‍ക്കറ്റിംഗും ബ്രാന്‍ഡിങ്ങും ഏര്‍പ്പെടുത്തും.