സര്‍ക്കാരിന്റെ ക്ഷീരപദ്ധതികള്‍ ലക്ഷ്യത്തിലേക്ക് കുതിക്കുകയാണെന്നും പാല്‍ ഉത്പാനദത്തില്‍ സംസ്ഥാനം ഒരു വര്‍ഷത്തിനകം സ്വയംപര്യാപ്തത കൈവരിക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ മൃഗസംരക്ഷണ വകുപ്പ് നടത്തിയ ഗോവത്സം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കഴിഞ്ഞ ഒരു വര്‍ഷക്കാലം കൊണ്ട് പാലുത്പാദനത്തില്‍ 17 മുതല്‍ 20 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. പാല്‍വില വര്‍ധന പശുവളര്‍ത്തുന്നവര്‍ക്ക് ലഭ്യമാക്കുന്നതിനും നടപടി സ്വീകരിച്ചു. ഗോപരിപാലകര്‍ക്കുള്ള ക്ഷേമനിധി 500 രൂപയില്‍ നിന്നും 1100 രൂപയായി വര്‍ധിപ്പിച്ചു. പെന്‍ഷന്‍ ഇനത്തില്‍ 45 കോടി രൂപയാണ് വിതരണം ചെയ്തത്. പശുക്കളെ പരിപാലിക്കുന്നവര്‍ക്കുള്ള സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി രൂപീകരണം അന്തിമഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ വിവിധ കാരണങ്ങളാല്‍ പശുക്കളെ നഷ് ടപ്പെട്ട 11 പേര്‍ക്ക് 16400 രൂപ വീതം ആശ്വാസ ധനസഹായം നല്‍കും.

മൃഗഡോക് ടര്‍മാരുടെ സേവനം രാത്രികാലങ്ങളില്‍ കൂടി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. ഇതിനായി ഒരു ബ്ലോക്കില്‍ രാത്രികാലങ്ങളില്‍ ഒരു ഡോക് ടറുടെ സേവനം ഉറപ്പാക്കും. കൂടാതെ പാരാമെഡിക്കല്‍ സ്റ്റാഫുകളെയും അധികമായി നിയമിക്കും.  ക്ഷീരവികസന രംഗത്തെ പദ്ധതികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 147 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഇതിന് പുറമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 300 കോടി രൂപയുടെ പദ്ധതികളും വിഭാവനം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തണ്ണിത്തോട് ഗ്രാമപഞ്ചായത്തിനെ മാതൃകാ മൃഗസംരക്ഷണ ഗ്രാമ പദ്ധതയില്‍ ഉള്‍പ്പെടുത്തി.  30 ലക്ഷം രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കും. ഇതിന് പുറമേ ഈ വര്‍ഷം 10 ഗുണഭോക്താക്കള്‍ക്ക് കറവയന്ത്രം വാങ്ങാനുള്ള സബ്സിഡി ലഭ്യമാക്കും. കന്നുകുട്ടി പരിപാല പദ്ധതിപ്രകാരം 2.85 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ചിറ്റയം ഗോപകുമാര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാ ദേവി, അടൂര്‍ ആര്‍ ഡി ഒ എം.എ.റഹിം, അഡീഷണല്‍ ഡയറക് ടര്‍ ഡോ വി ഗോപകുമാര്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ചെയര്‍പേഴ്സണ്‍ സൗദാ രാജന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമന്‍ കോണ്ടൂര്‍, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് ചെയര്‍പേഴ്സണ്‍ പ്രസന്നകുമാരി, ജില്ലാ പഞ്ചായത്തംഗം ഡി മുരുകേശ്, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി സന്തോഷ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ എലിസബത്ത് ഡാനിയേല്‍, വിവിധ തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍, രാഷ് ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.