* പാലോട് വന്യജീവി ശാസ്ത്ര കേന്ദ്രം ശിലാസ്ഥാപനം നിര്‍വഹിച്ചു.

പൊതുമേഖലയിലെ രാജ്യത്തെ ആദ്യ പേവിഷ വാക്‌സിന്‍ നിര്‍മാണകേന്ദ്രം പാലോട്ട് രണ്ടുവര്‍ഷത്തിനകം ആരംഭിക്കുന്നത് പരിഗണനയിലാണെന്ന് വനം,വന്യജീവി- മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. പാലോട് ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസില്‍ വന്യജീവികളിലെ രോഗ നിര്‍ണയത്തിനും പഠനത്തിനും ഗവവേഷണത്തിനുമായി അത്യാധുനിക സൗകര്യങ്ങളോടുകൂടി ആരംഭിക്കുന്ന വന്യജീവി ശാസ്ത്ര കേന്ദ്രത്തിന്റെ (സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സയന്‍സസ്) ശിലാസ്ഥാപനം നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം. മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ വാക്‌സിന്‍ നിര്‍മാണത്തിനുള്ള ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിശദ പദ്ധതി റിപ്പോര്‍ട്ട് കഴിഞ്ഞ ആഴ്ച നബാര്‍ഡ് കണ്‍സ്ട്രക്ഷന്‍ സര്‍വീസ് സമര്‍പ്പിച്ചിരുന്നു. ആദ്യഘട്ടത്തില്‍ മൃഗങ്ങളില്‍ കുത്തിവെക്കാനുള്ള പേവിഷ വാക്‌സിനും രണ്ടാംഘട്ടത്തില്‍ മനുഷ്യരില്‍ കുത്തിവെക്കാനുള്ള വാക്‌സിനും ഉത്പാദിപ്പിക്കാവുന്ന മെഗാപദ്ധതിയാണ് പരിഗണനയിലുള്ളത്. വന്യജീവികളുമായും പ്രകൃതിയുമായും സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണ്. സമൂഹത്തിന്റെ ഉത്തരവാദിത്തമാണ് വനവും വന്യജീവികളെയും സംരക്ഷിക്കേണ്ടത്. മനുഷ്യരില്‍നിന്ന് മൃഗങ്ങളിലേക്കും തിരിച്ചും രോഗങ്ങള്‍ പകരുണ്ട്. ഇക്കാര്യങ്ങള്‍ മുന്നില്‍ക്കണ്ടാണ് സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സയന്‍സസ് ആരംഭിക്കുന്നത്. ഇന്ത്യയില്‍ത്തന്നെ ഇത്തരത്തിലെ രണ്ടാമത്തെ സ്ഥാപനമാണ്. ഗവേഷണങ്ങളിലും പരീക്ഷണങ്ങളിലുമൂടെ നിലവില്‍ ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയ സ്ഥാപനമാണ്. സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സയന്‍സസ് കൂടി ഇവിടെ തുടങ്ങുമ്പോള്‍ പ്രവര്‍ത്തനമികവ് കൊണ്ട് ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിലെതന്നെ മികച്ച സ്ഥാപനമായി മാറാനാകണം. മൃഗസംരക്ഷണത്തിനും വന്യജീവി സംരക്ഷണത്തിനും വലിയപ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. മൃഗങ്ങളിലെ അര്‍ബുദ രോഗബാധ തുടക്കത്തിലേ കണ്ടെത്തി ചികിത്സിക്കുന്നതിന് പത്തോളജി വിഭാഗത്തിന്റെ കീഴില്‍ ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്ന ഓങ്കോളജി വിഭാഗവും കന്നുകാലികളിലെ പേവിഷബാധ ചികിത്സക്കുള്ള നൂതന പദ്ധതിയും ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു. കാന്‍സര്‍ നിര്‍ണയ ലബോറട്ടറി ഉദ്ഘാടനവും കന്നുകാലികളിലെ ഗര്‍ഭ നിര്‍ണയ കിറ്റ് സാങ്കേതിക വിദ്യ കൈമാറ്റവും ചടങ്ങില്‍ നിര്‍വഹിച്ചു. വൈല്‍ഡ് ലൈഫ് ആല്‍ബം’ പ്രകാശനവും ചടങ്ങില്‍ നടന്നു. ഡി.കെ. മുരളി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ പേര് ‘സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസസ്’ എന്ന് പുനര്‍നാമകരണം ചെയ്തതിന്റെ പ്രഖ്യാപനം മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി അനില്‍ എക്സ് നിര്‍വഹിച്ചു. വന്യജീവി ശാസ്ത്ര കേന്ദ്രം ലോഗോ പ്രകാശനം ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഡി. രതീഷ് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, വാമനപുരം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രന്‍, മൃഗസംരക്ഷണവകുപ്പ് അഡീ. ഡയറക്ടര്‍ ഡോ. കെ.കെ. ജയരാജ്, എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ ആര്‍ & ഡി വൈസ് പ്രസിഡന്റ് ഡോ. പത്മനാഭന്‍, നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. അജിത്കുമാര്‍, പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ചിത്രകുമാരി, നന്ദിയോട് ഗ്രാമപഞ്ചായത്തംഗം എസ്. ഗിരിജാകുമാരി, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ ഡോ. എന്‍.എന്‍. ശശി സ്വാഗതവും ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ ഡോ. പി.കെ. സദാനന്ദന്‍ നന്ദിയും പറഞ്ഞു. വന്യ ജീവികളെ ബാധിക്കുന്ന രോഗങ്ങളെകുറിച്ചും രോഗനിര്‍ണയത്തെക്കുറിച്ചുമുള്ള ദേശീയതല സെമിനാര്‍ രാവിലെ നടന്നു. ചടങ്ങിനോടനുബന്ധിച്ച് പരിസ്ഥിതി ഫോട്ടോഗ്രാഫര്‍ സാലി പാലോടിന്റെ ഫോട്ടോപ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു. വന്യജീവി ശാസ്ത്ര കേന്ദ്രത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ മുതല്‍ വാക്സിന്‍ നിര്‍മ്മാണം വരെയുള്ള ചുമതലകള്‍ നബാര്‍ഡ് കണ്‍സ്ട്രക്ഷന്‍ സര്‍വീസിന്റെ (നാബ്‌കോണ്‍സ്) ചുമതലയിലായിരിക്കും.