വനം, വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വന്യജീവി വാരാഘോഷത്തിന് തുടക്കമായി. തെന്മല ശെന്തുരുണിയില്‍ നടന്ന സംസ്ഥാനതല ഉദ്ഘാടനം വനം വകുപ്പ് മന്ത്രി കെ. രാജു നിര്‍വഹിച്ചു. ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പിന് വനത്തിന്റെയും വന്യജീവികളുടെയും സംരക്ഷണം അനിവാര്യമാണെന്നും അവയുടെ സംരക്ഷണം ഭൂമുഖത്തുള്ള എല്ലാ മനുഷ്യരുടെയും കടമയാണെന്നും വനം മന്ത്രി പറഞ്ഞു. എല്ലാ ജീവജാലങ്ങള്‍ക്കും അവരുടേതായ ധര്‍മ്മം നിര്‍വഹിക്കാനുണ്ട്. ഒരു തവളയെ കൊല്ലുന്നതിനുപോലും ഏഴു വര്‍ഷവരെ തടവു ലഭിക്കാവുന്ന ശിക്ഷയാക്കിയതിന് പിന്നില്‍ പ്രകൃതിയോടുള്ള നമ്മുടെ കടമ നിര്‍വഹിക്കലാണുള്ളത്. പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതം അര്‍ത്ഥപൂര്‍ണമാക്കിയാല്‍ മാത്രമേ ഇന്ന് നാം അനുഭവിക്കുന്ന വിവിധ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലിന് അര്‍ഹരായവര്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണവും മന്ത്രി നിര്‍വഹിച്ചു. പ്രകൃതിയെ ചൂഷണം ചെയ്യാതെ ജീവിക്കുകയെന്നത് ഭാരതത്തിന്റെ സംസ്‌കാരമായിരുന്നുവെന്നും അത് തിരികെ വരുത്താനുള്ള പരിശ്രമങ്ങളാണ് സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കി വരുന്നതെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. എം.കെ. സോമപ്രസാദ് എം.പി വിശിഷ്ടാതിഥിയായിരുന്നു. വനം വകുപ്പ് പ്രസിദ്ധീകരണമായ ‘അരണ്യ’ മാസികയുടെ വന്യജീവിവാരം പതിപ്പ് എം. മുകേഷ് എം.എല്‍.എ. പ്രകാശനം ചെയ്തു. ചലച്ചിത്ര സംവിധായകന്‍ രാജീവ് അഞ്ചല്‍ ഏറ്റുവാങ്ങി. ശെന്തുരുണിയുടെ ജൈവവൈവിധ്യത്തെ സംബന്ധിച്ച് തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രകാശനം കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജഗദമ്മ ടീച്ചര്‍ നിര്‍വഹിച്ചു. ചലച്ചിത്ര സംവിധായകന്‍ രാജീവ് അഞ്ചല്‍, കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍ എന്നിവര്‍ വന്യജീവിവാരാഘോഷ സന്ദേശം നല്‍കി. മുഖ്യ വനപാലകന്‍ നാഗേഷ് പ്രഭു, പി.സി.സി.എഫ് ഡോ. എ.കെ. ഭരദ്വാജ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിനെത്തുടര്‍ന്ന് വിവിധ കലാപരിപാടികളും നടന്നു