പ്രകൃതിയോടുള്ള ആഭിമുഖ്യം പുതിയ തലമുറയില്‍ കൂടിവരുന്നതായി വനം, മൃഗസംരക്ഷണം, ക്ഷീരവികസനം, മൃഗശാല മന്ത്രി അഡ്വ. കെ. രാജു. മ്യൂസിയം മൃഗശാല വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വന്യജീവി വാരാഘോഷം മ്യൂസിയം ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് 29 ശതമാനം പ്രദേശമേ വനമായുള്ളൂ. ബാക്കി 71 ശതമാനം പ്രദേശത്തും മനുഷ്യരാണ് അധിവസിക്കുന്നത്. എന്നിട്ടും 29 ശതമാനം പ്രദേശത്തുകൂടി കടന്നുകയറുകയാണ് മനുഷ്യരെന്നും അദ്ദേഹം പറഞ്ഞു. വനവും വന്യജീവികളും സംരക്ഷിക്കപ്പെടേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഭാഗ്യവശാല്‍ ഇന്നത്തെ സ്‌കൂള്‍ – കോളജ് കുട്ടികള്‍ ഇവയെ സംരക്ഷിക്കേണ്ടതിനെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തിക്കൊണ്ടുള്ള വികസനങ്ങള്‍ക്കാണ് നാം കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതെന്ന് ചടഃങ്ങില്‍ അധ്യക്ഷനായിരുന്ന കെ. മുരളീധരന്‍ എം.എല്‍.എ. പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ പാളയം രാജന്‍, നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം സൂപ്രണ്ട് അബു. എസ്., ആര്‍ട്ട് മ്യൂസിയം സൂപ്രണ്ട് പി.എസ്. മഞ്ജുളാ ദേവി എന്നിവര്‍ സംസാരിച്ചു. മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടര്‍ കെ. ഗംഗാധരന്‍ സ്വാഗതവും മൃഗശാല സൂപ്രണ്ട് ടി.വി. അനില്‍ കുമാര്‍ നന്ദിയും പറഞ്ഞു